Zygo-Ad

പട്ടണങ്ങൾക്ക് പുതിയ മുഖച്ഛായ നൽകാൻ ബീക്കൺ ടൗൺ പദ്ധതിക്ക് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു


ജില്ലയിലെ പട്ടണങ്ങളെ കൂടുതൽ ശുചിത്വമുള്ളതും മനോഹരവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ബീക്കൺ ടൗൺ പദ്ധതിക്ക് തുടക്കമായി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലെയും ഒരു പ്രധാന പട്ടണത്തെ മാതൃകാ ടൗണാക്കി മാറ്റുന്നതാണ് ഈ പദ്ധതിയുടെ ആദ്യപടി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചും ജനകീയ പങ്കാളിത്തം ഉറപ്പാക്കിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ രണ്ട് വരെ നീളുന്ന ആദ്യഘട്ടത്തിൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ശുചിത്വ, മാലിന്യ സംസ്കരണ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ബെയ്‌സ് ലൈൻ സർവേ നടത്തി പോരായ്മകൾ കണ്ടെത്തിയ ശേഷമായിരിക്കും കർമ്മപദ്ധതി തയ്യാറാക്കുക. അനധികൃത ബോർഡുകൾ നീക്കം ചെയ്യൽ, പൊതുശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കൽ, ക്ലീനിംഗ് ഡ്രൈവുകൾ, ഓണം പ്രമാണിച്ച് പ്രത്യേക ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കൽ എന്നിവ ഈ ഘട്ടത്തിൽ പൂർത്തിയാക്കും.

തുടർന്ന് ഒക്ടോബർ മൂന്ന് മുതൽ മാർച്ച് 31 വരെ നീളുന്ന രണ്ടാംഘട്ടത്തിൽ നടപ്പാതകൾ, ഡ്രെയിനേജ്, തെരുവുവിളക്കുകൾ, പാർക്കിംഗ് ക്രമീകരണങ്ങൾ, സിസിടിവി സ്ഥാപിക്കൽ തുടങ്ങിയ കൂടുതൽ സമയവും ഫണ്ടും ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. ശുചീകരിച്ച സ്ഥലങ്ങൾ വീണ്ടും വൃത്തികേടാകുന്നത് തടയാൻ സ്ഥിരം നിരീക്ഷണ സംവിധാനങ്ങളും ബോധവൽക്കരണവും ശക്തമാക്കും. ഹരിതകർമ്മസേന, കുടുംബശ്രീ, വ്യാപാരികൾ, യുവജന സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും ജില്ലാ കളക്ടർ പി വിഷ്ണുരാജും ചേർന്ന് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ പ്രദീപൻ, പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post