പയ്യന്നൂർ: സിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ‘മിയോര ബ്യൂട്ടിക്ക്’ എന്ന ടെക്സ്റ്റൈൽ സ്ഥാപനത്തിൽ തീപിടിത്തം. ഫയർഫോഴ്സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ, അപകടത്തിൽ കട പൂർണ്ണമായി കത്തിനശിച്ചു.
സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രാഥമിക നിഗമനപ്രകാരം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദയാൽ പി.വി., നിഷാന്ത് വി.കെ., വിനീഷ് യു., രാഹുൽ പി.പി., ജിഷ്ണുദേവ് പി.പി., ജോബി എസ്., അഖിൽ എം.എസ്., അരുൺ നമ്പ്യാർ, ജോബിമോൻ ജോർജ്, അഭിലാഷ് യു.എസ്., ഹോം ഗാർഡുമാരായ മധുസൂദനൻ കെ., ശ്രീജേഷ് എൻ.വി., രവീന്ദ്രൻ വി.എൻ. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വ്യാപാര സ്ഥാപനങ്ങളിലെ ഇലക്ട്രിക്കൽ വയറിങ്ങുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് തകരാറുകൾ പരിഹരിക്കണമെന്ന് ഫയർ ആൻഡ് റെസ്ക്യൂ അധികൃതർ മുന്നറിയിപ്പ് നൽകി.
