Zygo-Ad

ഓണാവധിക്ക് നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധന


കണ്ണൂർ: ഓണാഘോഷത്തിനായി നാട്ടിലെത്തുന്ന പ്രവാസികളെയും വേനലവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങുന്നവരെയും ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കിൽ മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ വർദ്ധനവ്. നിരക്ക് വർദ്ധിച്ചതോടെ നാലംഗ കുടുംബത്തിന് യാത്രയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂർ വിമാനത്താവളത്തിൽ സർവീസുകൾ കുറവായതാണ് നിരക്ക് വലിയ തോതിൽ ഉയരാൻ കാരണം.

ഗൾഫ് മേഖലയിൽ സ്കൂളുകൾ തുറക്കുന്നതും ഓണാവധിയും കണക്കിലെടുത്ത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ടിക്കറ്റ് നിരക്ക് കമ്പനികൾ കുത്തനെ ഉയർത്തുകയായിരുന്നു. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് 40,000 രൂപയ്ക്ക് മുകളിലാണ്. ഈ മാസം 22-ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് 51,827 രൂപയാണ് ഇക്കണോമി ക്ലാസ് നിരക്ക്. മസ്കറ്റിലേക്ക് മാത്രമാണ് (20,000 - 26,000 രൂപ) താരതമ്യേന നിരക്ക് കുറവുള്ളത്.

നാട്ടിലേക്കുള്ള തിരികെ യാത്രയ്ക്കും 20,000 മുതൽ 25,000 രൂപ വരെ ഈടാക്കുന്നുണ്ട്. മുൻവർഷങ്ങളിൽ 30,000 - 35,000 രൂപയായിരുന്ന ഗൾഫ് ടിക്കറ്റ് നിരക്കാണ് ഇത്തവണ 45,000 രൂപ വരെയായി ഉയർന്നത്. വിമാന ഇന്ധന വിലവർധനയുടെ പേരിലുള്ള സർചാർജിന് പുറമെയാണ് ഈ കൊള്ള.



Previous Post Next Post