Zygo-Ad

'കരുതൽ കണ്ണൂർ' പദ്ധതിക്ക് തുടക്കമായി; ജില്ലാ ഭരണകൂടത്തിന് കീഴിൽ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ


കണ്ണൂർ: ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളെയും പ്രവർത്തകരെയും ഒന്നിച്ചു അണിനിരത്തുന്ന ജില്ലാ ഭരണകൂടത്തിന്റെ 'കരുതൽ കണ്ണൂർ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന പ്രഥമ ആലോചനാ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.

ദുരന്തമുഖത്തും മറ്റ് അടിയന്തര ഘട്ടങ്ങളിലും സഹായങ്ങൾ അർഹരായവരിലേക്ക് എത്രയും വേഗം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ ജനകീയ ഇടപെടൽ ഉറപ്പാക്കുക, ശാസ്ത്രീയ പരിശീലനം ലഭിച്ച വളണ്ടിയർമാരെ സജ്ജരാക്കുക, വിഭവ വിതരണത്തിലെ ആവർത്തനം ഒഴിവാക്കി ഏകോപനം ശക്തമാക്കുക തുടങ്ങിയവ പദ്ധതിയിലൂടെ നടപ്പിലാക്കും.

ദുരന്തനിവാരണം മാത്രമല്ല, ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമായി 'കരുതൽ കണ്ണൂർ' പ്രവർത്തിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല.

റെഡ് ക്രോസ്, ഐ.ആർ.പി.സി, സിവിൽ ഡിഫെൻസ്, നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ്, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ തുടങ്ങി ഇരുപതോളം സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും യോഗത്തിൽ പങ്കെടുത്ത് പിന്തുണ വാഗ്ദാനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) പ്രാൺ സിംഗ് തുടങ്ങിയവരും സംബന്ധിച്ചു.


Previous Post Next Post