Zygo-Ad

കണ്ണൂരിൽ എക്സൈസ് പരിശോധന ശക്തം: എട്ടുമാസത്തിനിടെ 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജ ചാരായവും പിടികൂടി; 559 പേർ ലഹരി കേസിൽ അറസ്റ്റിൽ

 


കണ്ണൂർ: ജില്ലയിൽ എക്സൈസ് സംഘം നടത്തുന്ന ലഹരിവിരുദ്ധ പരിശോധനകളിൽ വൻ വേട്ട. 2025 നവംബർ 27 മുതൽ 2026 ആഗസ്റ്റ് 5 വരെയുള്ള എട്ടുമാസത്തിനിടെ 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജ ചാരായവും 14,175 ലിറ്റർ വാഷും പിടികൂടിയതായി അധികൃതർ അറിയിച്ചു.

ഈ കാലയളവിൽ നടത്തിയ 8,068 റെയ്ഡുകളിലും 220 സംയുക്ത റെയ്ഡുകളിലുമായി അബ്കാരി കേസുകളിൽ 1,086 പേരെ പ്രതി ചേർക്കുകയും 949 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് കേസുകളിൽ 570 പേരെ പ്രതി ചേർത്തതിൽ 559 പേർ അറസ്റ്റിലായി. കൂടാതെ 56 വാഹനങ്ങളും കണ്ടുകെട്ടി. 3,412 കോട്പ കേസുകളിലായി 6.81 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി.

94.5 കിലോ കഞ്ചാവ്, 22 കഞ്ചാവ് ചെടികൾ എന്നിവയ്ക്ക് പുറമെ എം.ഡി.എം.എ (83.5 ഗ്രാം), മെത്താഫിറ്റമിൻ (257.3 ഗ്രാം), ഹാഷിഷ് ഓയിൽ (623 ഗ്രാം), ഹെറോയിൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി, നൈട്രാസെപാം തുടങ്ങിയ വീര്യമേറിയ രാസലഹരി വസ്തുക്കളും എക്സൈസ് പിടിച്ചെടുത്തു. വിമുക്തിയുടെ നേതൃത്വത്തിൽ 386 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും 1,103 പേർക്ക് ഒ.പി ചികിത്സയും 56 പേർക്ക് കിടത്തി ചികിത്സയും നൽകുകയും ചെയ്തു.

വ്യാജമദ്യവും ലഹരിക്കടത്തും തടയുന്നതിനായി കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ശ്രുതി കെ.വി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

 

Previous Post Next Post