Zygo-Ad

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ചു: കണ്ണൂർ സ്വദേശിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ

 


കണ്ണൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കുവേരി സ്വദേശി കെ.വി. അനുരാജ് (23) അറസ്റ്റിലായി.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചത്. പ്രണയം നടിച്ച് കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തിയ ഇയാൾ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമം നടത്തുകയായിരുന്നു. ആദ്യം ഒരു പെൺകുട്ടിയുമായി പരിചയപ്പെട്ട പ്രതി പിന്നീട് കൂട്ടുകാരിയുമായും ബന്ധം സ്ഥാപിക്കുകയും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ഐഡികൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

ഇയാൾ മറ്റൊരു പെൺകുട്ടിയുമായി ബന്ധത്തിലായതോടെയാണ് വിവരം പുറത്തറിയുന്നത്. ആദ്യത്തെ അതിജീവിതയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോത്തൻകോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ കുട്ടിയും ഇരയായതായി കണ്ടെത്തിയത്.

സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത പോത്തൻകോട് പോലീസ് കണ്ണൂരിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്സോ, ഐ.ടി നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. നിലവിൽ തളിപ്പറമ്പ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റ് രണ്ട് പോക്സോ കേസുകൾ കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

 

Previous Post Next Post