കണ്ണൂർ :ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ച് സംഘം ചേർന്ന് സംഘർഷാവസ്ഥ ഉണ്ടാക്കിയെന്നും വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തിയെന്നും ആരോപിച്ച് കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. കിംസ് ശ്രീചന്ദ് ആശുപത്രി അസിസ്റ്റന്റ് മാനേജർ പി. മുഹമ്മദ് നബീലാണ് പരാതി നൽകിയത്.
ആശുപത്രി പരിസരത്ത് ചിലർ സംഘം ചേർന്ന് ഭയാന്തരീക്ഷം സൃഷ്ടിച്ചതായും ഇത് രോഗികൾക്കും ജീവനക്കാർക്കും ആശങ്കയുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. കൂടാതെ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയതായും ആരോപണമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക നഷ്ടവും സൽപ്പേരിനുണ്ടായ കളങ്കവും പരിഗണിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
