കണ്ണൂർ :അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ജാമ്യം ലഭിച്ചാൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ച് പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഇത് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തെറ്റായ സന്ദേശം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. തളിപ്പറമ്പിൽ നിന്ന് ഓട്ടോയിലും കാറിലുമായി കണ്ണൂരിലെത്തിയ ഇയാളെ അഭിഭാഷകയെ കാണാനെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. നിലവിൽ 23 കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് ആലോചിക്കുന്നുണ്ട്.
