കണ്ണൂർ നഗരത്തിൽ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയായ ഐ എം ശ്രീരാജ് (42) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11.30 ഓടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും കാൽടെക്സ് ഭാഗത്തേക്ക് വരികയായിരുന്ന നിയന്ത്രണം വിട്ട ഫോർ രജിസ്ട്രേഷൻ വാഹനം ശ്രീരാജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാൽടെക്സിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനാണ് ഇദ്ദേഹം.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ശ്രീരാജിനെ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ജനാർദ്ദനന്റെയും ശകുന്തളയുടെയും മകനാണ്. സഹോദരങ്ങൾ: കവിത, ശ്രീകുമാർ. പരേതരായ പ്രമീള, സന്തോഷ് എന്നിവരും സഹോദരങ്ങളാണ്.
മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണി മുതൽ 3.30 വരെ പെരിങ്കോന്ന് യുവജന ഗ്രന്ഥാലയത്തിലും തുടർന്ന് വസതിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം പെരിങ്കോന്ന് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
