കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. ചെങ്ങളായി പെരിങ്കോന്നിലെ പൂവത്തുംകണ്ടി ഹൗസിൽ ജനാർദനന്റെ മകൻ ഐ.എം. ശ്രീരാജ് (43) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് കാൽനടയായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് കാൽടെക്സ് ഭാഗത്തേക്ക് പോകുകയായിരുന്ന മഹീന്ദ്ര താർ വാഹനം ശ്രീരാജിനെ ഇടിക്കുകയായിരുന്നു. ഉടൻതന്നെ എ.കെ.ജി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പെരിങ്കോന്ന് യുവജന ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം പെരിങ്കോന്ന് ശാന്തിഭൂമിയിൽ സംസ്കരിക്കും.
