Zygo-Ad

പയ്യന്നൂരില്‍ തകര്‍ത്ത മതില്‍ പുനര്‍നിര്‍മ്മിക്കുന്നു, വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു


കണ്ണൂർ: പയ്യന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎം പ്രവർത്തകർ തകർത്തതെന്ന് യുഡിഎഫ് ആരോപിക്കുന്ന മതില്‍ പുനർനിർമ്മിക്കുന്നതിന് തുടക്കമായി.

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന നിർമ്മാണ പ്രവർത്തനങ്ങള്‍ പയ്യന്നൂരിലെ നിയുക്ത എംഎല്‍എ വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുഞ്ഞികൃഷ്ണന് വേണ്ടി ചുമരെഴുത്ത് നടത്തിയ മതിലായിരുന്നു തകർക്കപ്പെട്ടത്.

ഇരുട്ടിന്റെ മറവില്‍ മതില്‍ തകർത്തവർക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുനർനിർമ്മാണമെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

 'പൊതുജനങ്ങള്‍ എന്റെ കൂടെയുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. അതിന്റെ ഭയം കാരണമാണ് അക്രമികള്‍ പൊതുമധ്യത്തിലേക്ക് വരാത്തത്,' അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമികളെ എത്രയും വേഗം പിടികൂടാൻ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമ സംഭവങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയെ കുഞ്ഞികൃഷ്ണൻ വിമർശിച്ചു. പൊലീസ് കൃത്യമായി ഇടപെടാത്തത് കൊണ്ടാണ് ആദ്യം ഇത്തരം അക്രമങ്ങള്‍ വ്യാപിക്കാൻ കാരണമായത്. 

ഇപ്പോള്‍ അക്രമ സംഭവങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനില്‍ക്കുമ്പോഴും ഇത്തരം പ്രകോപനപരമായ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 

മതില്‍ തകർത്തതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മതില്‍ പൂർണ്ണരൂപത്തില്‍ ഉടൻ തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Previous Post Next Post