Zygo-Ad

വൻ തോതില്‍ രാസലഹരിക്കടത്ത്: മാഫിയ തലവൻ കണ്ണൂര്‍ പറശിനിക്കടവ് സ്വദേശിയും പെണ്‍സുഹൃത്തും പൊലിസ് പിടിയില്‍


കണ്ണൂർ: എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ കേരളത്തിലേക്ക് കയറ്റി അയയ്‌ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പറശിനിക്കടവ് സ്വദേശിയായ യുവാവും പെണ്‍സുഹൃത്തും പൊലിസ് പിടിയില്‍. 

കൊല്ലം മുണ്ടയ്ക്കല്‍ അദ്വൈതം വീട്ടില്‍ അദ്വൈത (27), കണ്ണൂർ പറശിനിക്കടവ് സല്‍വ മൻസിലില്‍ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഐസിഎസ് ജംഗ്ഷനില്‍ നിന്നും പിടികൂടിയ എംഡിഎംഎ കേസാണ് പ്രതികളിലേക്കെത്താൻ വഴിയൊരുക്കിയത്.

23 ഗ്രാം എംഡിഎംഎയുമായാണ് അന്ന് യുവതി പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഷംനാദിനെ ബെംഗളൂരുവില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഷംനാദിന് എംഡിഎംഎ കൈമാറിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്. പിടികൂടിയവരില്‍ രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാള്‍ കർണാടക ശിവമൊഗ സ്വദേശിയുമായിരുന്നു.

ഈ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് നിർണായക വിവരങ്ങള്‍ പുറത്തുവന്നത്. കേരളത്തിലേക്ക് വൻ തോതില്‍ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് പറശിനികടവ് സ്വദേശിയായ സിജാ ഹാണെന്ന് തെളിയുകയായിരുന്നു.

സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ട്. സിജാഹ് മൂന്ന് മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. ബെംഗളൂരുവില്‍ റേഡിയോളജി പഠനത്തിന് പോയതാണ് അദ്വൈത. പിന്നീട് മയക്കുമരുന്ന് സംഘത്തില്‍പ്പെടുകയായിരുന്നു.

Previous Post Next Post