മോറാഴ: ദിവസങ്ങളായി മോറാഴ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂള്‍ പരിസരത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ഥാർ ജീപ്പ് നാട്ടുകാരും സ്കൂള്‍ അധികൃതരും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ണൂർ വേളാപുരം സ്വദേശിയുടെ വാഹനമാണ് സ്കൂള്‍ പരിസരത്ത് പിടികൂടിയത്.
കുറച്ച് ദിവസങ്ങളായി വൈകുന്നേരങ്ങളില്‍ വാഹനം സ്കൂള്‍ പരിസരത്ത് കേന്ദ്രീകരിക്കുന്നത് വിദ്യാർത്ഥികളാണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തുടർന്നായിരുന്നു നാട്ടുകാരുടെയും സ്കൂള്‍ അധികൃതരുടെയും ഇടപെടല്‍ ഉണ്ടായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാണ് വാഹനവുമായി സ്കൂള്‍ പരിസരത്ത് എത്തിയതെന്നാണ് വാഹനത്തില്‍ ഉണ്ടായിരുന്നവർ പറഞ്ഞത്.
പൊലീസിന്റെ അന്വേഷണത്തില്‍ വാഹനം ഓടിച്ച ആളുടെ രക്ഷിതാവിന്റെ പേരിലുള്ളതാണ് വാഹനം. പ്രവൃത്തി സമയത്തിന് മുമ്പും ശേഷവും നിരവധി വാഹനങ്ങള്‍ സ്കൂള്‍ പരിസരത്ത് എത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മുൻപും ഇത്തരത്തില്‍ സ്കൂള്‍ പരിസരത്ത് വാഹനങ്ങള്‍ കണ്ടപ്പോള്‍ പോലിസില്‍ അറിയിച്ചിരുന്നു. എന്നാല്‍ പോലിസിന്റെ ഭാഗത്ത് നിന്നും നിസ്സംഗത മനോഭാവമായിരുന്നെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഇത്തരം വാഹനങ്ങളെ പിടികൂടുന്നതിനായി പ്രദേശത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നാട്ടുകാരുടെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംശയാസ്പദമായ രീതിയില്‍ കാണുന്ന വാഹനങ്ങളെ പിടികൂടി കടുത്ത നടപടി സ്വീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനായി പിടിഎയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ജാഗ്രത സമിതി സ്കൂളില്‍ പ്രവർത്തിച്ചു വരികയാണ്.
