കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹം പത്ത് വർഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.
സംഭവത്തില്‍ കേസെടുത്ത പൊലീസ്, കല്ലറ തുറന്ന് പരിശോധന നടത്തുന്നതിനായി നാളെ ആർഡിഒയുടെ അനുമതി തേടും. അതുവരെ കല്ലറയ്ക്ക് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
പൊലീസിന്റെ നിലവിലെ അന്വേഷണത്തില്‍ പൂർണ്ണ തൃപ്തിയുണ്ടെന്ന് പള്ളി വികാരി അറിയിച്ചു. നേരത്തെ സംസ്കരിച്ച മൃതദേഹത്തിന് സമീപം പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത ഏറിയത്.
ഈ സാഹചര്യത്തില്‍ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധനകള്‍ നടത്തണമെന്ന് പള്ളി വികാരി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിജോ സ്കറിയയുടെ കുടുംബം വിവരങ്ങളുമായി രംഗത്തെത്തിയത്.
2014-ല്‍ വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്നാണ് സിജോ ഭാര്യയ്ക്കൊപ്പം ഭാര്യവീടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് താമസം മാറിയത്. അതിനു ശേഷം ബന്ധുക്കളുമായി ഇയാള്‍ ഒരു തരത്തിലുള്ള ബന്ധവും പുലർത്തിയിരുന്നില്ല.
2020-ല്‍ സിജോയെ കാണാതായ വിവരം യാദൃശ്ചികമായാണ് വീട്ടുകാർ അറിയുന്നത്. തുടർന്ന് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്ന് അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
നിലവില്‍ കല്ലറയിലുള്ള മൃതദേഹം സിജോയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഈ പരാതി കൂടി കണക്കിലെടുത്ത് അന്വേഷണം കൂടുതല്‍ വിപുലമാക്കാനാണ് പൊലീസ് തീരുമാനം.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.
പിന്നീട് ഉണ്ണിഈശോ പള്ളി ഇടവകയിലെ സെമിത്തേരിയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പുറത്തു വന്നതോടെ, അത് സിജോയുടേതാകാമെന്ന സംശയം ബന്ധുക്കള്‍ ഉയർത്തി.
മൃതദേഹം കണ്ടെത്തിയ കാലയളവും സിജോയുടെ താമസ സ്ഥലവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഒത്തു നോക്കിയതോടെയാണ് അന്വേഷണം വീണ്ടും ശക്തമായത്.
