Zygo-Ad

കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 20കാരനെ തിരമാലകളില്‍പ്പെട്ട് കാണാതായി: സുരക്ഷാ ബോർഡുകളിലിട്ട തുണി എടുത്തു മാറ്റി മന്ത്രി


കണ്ണൂർ: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെയാണ് (20) തിരമാലകളില്‍പ്പെട്ട് കാണാതായത്.

ഇയാളുടെ ഒപ്പമുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിന് ശേഷം പയ്യാമ്പലം ബീച്ചില്‍ എത്തിയ നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. ഇതില്‍ സന്തോഷ് കുമാറും മനോജും മാത്രമാണ് കടലില്‍ കുളിക്കാനിറങ്ങിയത്.

ജൂണ്‍ 20 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. പയ്യാമ്പലം ബീച്ചിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നും 100 മീറ്റർ വടക്കോട് മാറിയാണ് സന്തോഷ് കുമാറിനെ കാണാതായത്.

 വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഴീക്കല്‍ കോസ്റ്റല്‍ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റ് ഫോഴ്സും യുവാവിനായുള്ള തിരച്ചില്‍ ഊർജിതമായി തുടരുകയാണ്.

പയ്യാമ്പലം ബീച്ചില്‍ കടലില്‍ സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡില്‍ ഉണങ്ങാനിട്ട തുണി എടുത്തി മാറ്റി മന്ത്രി പി. സി വിഷ്ണുനാഥ്. പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ കര്‍ണാടക സ്വദേശിക്കായി തെരച്ചില്‍ നടക്കുന്നതിനിടെ ഏകോപനത്തിനായി ബീച്ചിലെത്തിയതായിരുന്നു മന്ത്രി. 

ഈ സമയത്താണ് സുരക്ഷാ മുന്നറിയിപ്പ് ബോർഡിന് മുകളില്‍ കടലിലിറങ്ങുന്നവർ തുണി ഉണങ്ങാനിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മുന്നറിയിപ്പ് ബോർഡിലെ എഴുത്ത് മറയുന്ന രീതിയില്‍ ഉണ്ടായിരുന്ന തുണി മന്ത്രി ഉടൻ എടുത്ത് മാറ്റുകയായിരുന്നു. 

വിവരമറിഞ്ഞതിന് പിന്നാലെ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്, ടി ഒ മോഹനൻ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു.

കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കൊട്ടിയൂർ തീർഥാനട കാലമായതിനാല്‍ നിരവധി ആളുകള്‍ പയ്യാമ്പലത്തടക്കം കണ്ണൂർ ജില്ലയിലെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. 

ലൈഫ്ഗാർഡ് സുരക്ഷാ മുന്നറിയിപ്പുകള്‍ കൊടുക്കുന്നുണ്ടെങ്കിലും അത് വകവെയ്ക്കാതെ ആളുകള്‍ കടലില്‍ കുളിക്കാനിറങ്ങുന്നതായി പരാതികളുമുയരുന്നുണ്ട്.

Previous Post Next Post