തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട വയോധികന് അത്ഭുത രക്ഷപ്പെടല്‍. ബസ് പുറകോട്ടെടുക്കുന്നതിനിടെ സ്റ്റാൻഡിലെ മുൻ ഭാഗത്ത് നിന്നിരുന്ന വയോധികനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തറയിലേക്ക് വീണ ഇദ്ദേഹം ബസിനടിയിലായി പോയെങ്കിലും തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഒഴിവായത് വലിയ ദുരന്തം
വയോധികൻ ബസിനടിയിലേക്ക് വീഴുന്നത് കണ്ടയുടനെ സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും വ്യാപാരികളും ഉച്ചത്തില്‍ ഒച്ചയെടുത്ത് വിളിച്ചുപറഞ്ഞതിനാല്‍ ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തുകയായിരുന്നു.
നാട്ടുകാരുടെ ഈ സമയോചിതമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് വയോധികൻ്റെ ശരീരത്തിലൂടെ ബസിൻ്റെ ചക്രങ്ങള്‍ കയറാതിരുന്നത്. നടുക്കുന്ന ഈ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അപകടങ്ങള്‍ക്ക് കാരണം സ്ഥലപരിമിതി
ഇതിന് സമാനമായ രീതിയിലുള്ള നിരവധി അപകടങ്ങള്‍ തളിപ്പറമ്പ് ബസ് സ്റ്റാൻഡില്‍ മുൻപും നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സ്റ്റാൻഡിലെ കടുത്ത സ്ഥല പരിമിതിയും ബസുകള്‍ നിർത്തിയിടാൻ കൃത്യമായ ബസ് ബേ ഇല്ലാത്തതുമാണ് ഇത്തരം അപകടങ്ങള്‍ക്ക് പ്രധാന കാരണമായി മാറുന്നത്.
വിദ്യാർഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നിത്യവും വന്നെത്തുന്നതും നിരവധി ബസുകള്‍ വന്നുപോകുന്നതുമായ പ്രധാനപ്പെട്ടൊരു കേന്ദ്രമാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡ്.
