Zygo-Ad

ജയിലില്‍ കഴിയുന്നയാൾക്ക് പാർട്ടി ഭാരവാഹിത്വം: പോലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയെ ട്രഷററാക്കി ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി


കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ കോടതി ശിക്ഷിച്ച്‌ ജയിലില്‍ കഴിയുന്നയാളെ ഭാരവാഹിയായി തിരഞ്ഞെടുത്ത് ഡിവൈഎഫ്‌ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി.

ഇന്നലെ നടന്ന ബ്ലോക്ക് സമ്മേളനത്തിലാണ് ടി.സി.വി. നന്ദകുമാറിനെ ബ്ലോക്ക് ട്രഷററായി തിരഞ്ഞെടുത്തത്.

20 വർഷത്തേക്കാണ് കോടതി നന്ദകുമാറിനെ ശിക്ഷിച്ചത്. കഴിഞ്ഞ തവണ പയ്യന്നൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായിരുന്നു. കൊലക്കേസിലും നന്ദകുമാർ പ്രതിയാണ്. സമ്മേളനത്തിനിടെ ജയിലില്‍ നിന്നുള്ള നന്ദകുമാറിന്റെ സന്ദേശവും വായിച്ചു കേള്‍പ്പിച്ചു.

സി.വി. രഹിനേജ് സെക്രട്ടറിയും സി. ഷിജില്‍ പ്രസിഡന്റുമാണ്. ഇതേ കേസില്‍ ഡിവൈഎഫ്‌ഐ നേതാവായ വി.കെ. നിഷാദും ശിക്ഷിക്കപ്പെട്ടിരുന്നു. 

ജയിലില്‍ കഴിയവേ തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂർ നഗരസഭയിലേക്ക് മത്സരിച്ച്‌ ജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാൻ സാധിച്ചില്ല. ഇതിനിടെ നിരവധി തവണ പരോളും ലഭിച്ചു. നിയമാനുസൃതമായല്ല നിഷാദിന് പരോള്‍ ലഭിച്ചതെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.

Previous Post Next Post