മലപ്പുറം വളാഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നുവന്ന ലഹരി വിൽപ്പനയ്ക്കിടെ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.
പിടിയിലായ നബീൽ മുൻപും ലഹരിക്കടത്ത് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. ഒന്നര മാസം മുൻപ് ബംഗളൂരുവിൽ വെച്ച് 27 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും വളാഞ്ചേരിയിലെത്തി ലഹരി വിൽപ്പന നടത്തിയത്. പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്തുവരികയാണ്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
