Zygo-Ad

താഴെ ചൊവ്വ - നടാൽ ബൈപ്പാസ്: ചാലക്കുന്നിലെ കൈയേറ്റം അധികൃതർ ഒഴിപ്പിച്ചു


കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി താഴെ ചൊവ്വ - നടാൽ ബൈപ്പാസിനായി ഏറ്റെടുത്ത ചാലക്കുന്നിലെ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ അധികൃതർ ഒഴിപ്പിച്ചു. പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

പുതിയ ദേശീയപാതയുടെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിന് തടസ്സമായി നിന്ന കൈയേറ്റങ്ങൾ എത്രയും വേഗം ഒഴിപ്പിച്ച് ദേശീയപാത വിഭാഗത്തിന് കൈമാറാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഭൂമിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയായിരുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കണ്ണൂർ താലൂക്ക് ഓഫീസ് അധികൃതർ, പോലീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നത്.

2000-ൽ താഴെ ചൊവ്വ - നടാൽ ബൈപ്പാസിനായി സർക്കാർ വിലകൊടുത്ത് ഏറ്റെടുത്ത 12.18 സെന്റ് സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറി അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുകയായിരുന്നു. സർവീസ് റോഡിനായി സ്ഥലം വിട്ടുനൽകാൻ ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടതിനെ തുടർന്ന് കൈയേറ്റക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി, കക്ഷികളുടെ ഭാഗം കേട്ട ശേഷം ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടപടി നടത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച നടപടികൾ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.

 

Previous Post Next Post