കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നല്ലൂർ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വർഗീയ പ്രചാരണവുമായി ഹിന്ദു ഐക്യവേദി. അഹിന്ദുക്കൾക്ക് വിലക്കുള്ള ക്ഷേത്രത്തിൽ ജാഫർ പ്രവേശിച്ചു എന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഫെയ്സ്ബുക്കിലൂടെ രൂക്ഷമായ പരാമർശങ്ങളുമായി രംഗത്തെത്തി.
മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. അഹിന്ദുക്കൾക്ക് വിലക്കുകളില്ലാത്ത ഈ ക്ഷേത്രത്തിൽ മുൻപ് ഗായകൻ കെ ജെ യേശുദാസ്, റസൂൽ പൂക്കുട്ടി, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, നുസ്രത്ത് ജഹാൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ നിരവധി ഇതരമതസ്ഥർ സന്ദർശനം നടത്തിയിട്ടുണ്ട്. കൂടാതെ പഴശ്ശിരാജ സിനിമയുടെ ചിത്രീകരണമടക്കം ഇവിടെ നടന്നിട്ടുണ്ട്.
ദിവസേന നൂറുകണക്കിന് മറ്റ് മതസ്ഥരായ സഞ്ചാരികളും കലാകാരന്മാരും വന്നുപോകുന്ന ക്ഷേത്രമാണിത്. പരിപാടിക്കെത്തിയ സമയത്ത് ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് വിലക്കുകളില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസറും ശാന്തിയും വ്യക്തമാക്കിയ ശേഷമാണ് പഞ്ചായത്ത് പ്രസിഡന്റ് സോപാനത്തിന് മുന്നിലേക്ക് എത്തിയത്. മറ്റ് ക്ഷണിതാക്കളും ഈ സമയം ഒപ്പമുണ്ടായിരുന്നു. ഈ സംഭവത്തെ മുൻനിർത്തി വർഗീയ ധ്രുവീകരണത്തിനാണ് ആർഎസ്എസും ഹിന്ദു ഐക്യവേദിയും ശ്രമിക്കുന്നതെന്നാണ് വിമർശനം.
