കണ്ണൂർ: നടാൽ ബൈപ്പാസ് വഴിയും തോട്ടട വഴിയും ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഉൾപ്പെടെ 22 മുതൽ അനിശ്ചിതകാലത്തേക്ക് ഓട്ടം നിർത്തും. കണ്ണൂർ-ആശുപത്രി റൂട്ടിൽ ഓടുന്ന ബസുകളും ചക്കരക്കല്ലിൽനിന്ന് എടക്കാട് വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകളും പണിമുടക്കും. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബസുടമകളുടെയും തൊഴിലാളികളുടെയും യോഗത്തിലാണ് ഈ തീരുമാനം.
ഇതിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് തോട്ടട ബസാറിൽ പൊതുയോഗം നടത്തും. ചൊവ്വാഴ്ച ദേശീയപാത-66 ഓഫീസ് ഉപരോധം നടത്തും.ദേശീയപാതയിൽ നടാലിൽ ബസ് പോകുന്ന അടിപ്പാത നിർമിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിലെ നിർമിതിപ്രകാരം കിലോമീറ്ററുകൾ ചുറ്റിപ്പോകണമെന്നും ബസുടമകൾ ചൂണ്ടിക്കാട്ടി.
ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ, കെ.പി. മുരളീധരൻ, സി. മോഹനൻ, പി. അജിത്കുമാർ, കെ.പി. മോഹനൻ, എൻ. മോഹനൻ, താവം ബാലകൃഷ്ണൻ, എൻ. മോഹനൻ, കെ.കെ. ശ്രീജിത്, വി.വി. ശശീന്ദ്രൻ, രജിമോൾ, എൻ. പുഷ്പലത എന്നിവർ സംസാരിച്ചു.