കണ്ണൂർ: ജില്ലയിൽ വീണ്ടും രാഷ്ട്രീയ സംഘർഷാവസ്ഥ പുകയുന്നു. കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് സിപിഎം ലോക്കൽ സെക്രട്ടറി പി. ജിനീഷിന്റെ വീട്ടിൽ ആർഎസ്എസ് - ബിജെപി സംഘം അതിക്രമിച്ചുകയറി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായി പരാതി. ഞായറാഴ്ച രാത്രിയോടെയാണ് പതിനാറോളം വരുന്ന സംഘം വീട്ടിൽ കൊലവിളി നടത്തിയത്.
വീട്ടിൽ ഇരച്ചുകയറിയ സംഘം ജിനീഷിനെ വധിക്കുമെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസവും ജിനീഷിനെതിരെ വധശ്രമം നടന്നിരുന്നതായി സിപിഎം ആരോപിക്കുന്നു. സംഭവത്തിൽ ജിനീഷ് കണ്ണവം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിഷേധവുമായി സിപിഎം
വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് മേഖലയിൽ സിപിഎം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചു.
