Zygo-Ad

തളിപ്പറമ്പിൽ അനധികൃത മണൽ കടത്ത്: പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു


തളിപ്പറമ്പ്: തളിപ്പറമ്പിൽ അനധികൃതമായി പുഴമണൽ കടത്താൻ ശ്രമിച്ച ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പരിശോധനയ്ക്കിടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് പുലർച്ചെ 12:15-ഓടെ ധർമ്മശാല റോഡ് ജംഗ്ഷനിൽ വെച്ച് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ്.ഐ. മിഥുൻ ലാൽ കെ.കെ., സി.പി.ഒ. രമേശ്, എ.എസ്.ഐ. ജി. അനിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ധർമ്മശാല ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന KL 57 B 7250 നമ്പർ ടിപ്പർ ലോറിക്ക് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ മോറാഴ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു.

തുടർന്ന് പോലീസ് പിന്തുടരുന്നതിനിടെ താഴെ ബക്കളം പോക്കറ്റ് റോഡിലെ ഒഴിഞ്ഞ പറമ്പിൽ വെച്ച് ലോറിയിലുണ്ടായിരുന്ന പുഴമണൽ തള്ളാൻ ശ്രമിക്കവെ ഡ്രൈവർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



Previous Post Next Post