Zygo-Ad

കണ്ണൂരിൽ ആറുവർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 75,199 പേർക്ക്; പ്രതിരോധ പദ്ധതികൾ താളംതെറ്റുന്നു


കണ്ണൂർ: കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ആറുവർഷത്തിനിടെ 75,199 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായി കണക്കുകൾ. തെരുവുനായ്ക്കളുടെ പെരുപ്പം തടയാൻ വർഷങ്ങളായി തുടരുന്ന ജനന നിയന്ത്രണ പദ്ധതികൾ ഉൾപ്പെടെ ലക്ഷ്യം കാണാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. 2020-ൽ 3,998 പേരാണ് കടിയേറ്റ് ചികിത്സ തേടിയതെങ്കിൽ 2024-ൽ അത് 15,148 ആയി ഉയർന്നു. 2023-ൽ മാത്രം 20,000 പേർക്ക് കടിയേറ്റു. 2019-ലെ സെൻസസ് പ്രകാരം ജില്ലയിൽ 23,666 തെരുവുനായകളുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാൽ നിലവിൽ ഇവയുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.

തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിനായുള്ള എബിസി (ABC) പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതാണ് എണ്ണം ഗണ്യമായി വർധിക്കാൻ പ്രധാന കാരണം. നായ് പിടുത്തക്കാരുടെ ക്ഷാമവും പ്രാദേശിക എതിർപ്പുകൾ കാരണം താത്കാലിക ഷെൽട്ടറുകൾ നിർമിക്കാൻ സാധിക്കാത്തതും പദ്ധതിയെ പ്രതിസന്ധിയിലാക്കി. കൂടാതെ വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഇവ തമ്പടിക്കുന്നതും ഭീഷണി വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാനൂർ മേഖലയിൽ ഉൾപ്പെടെ കൂട്ടമായെത്തുന്ന നായകൾ വീടുകളിൽ കയറി ആളുകളെ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.


Previous Post Next Post