Zygo-Ad

ഹോപ്പ് പദ്ധതി: പുതിയ ബാച്ചിന്റെ ഉദ്ഘാടനവും വിജയികളെ ആദരിക്കലും നടന്നു

 


കണ്ണൂർ സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രോജക്ട് ഹോപ്പിന്റെ ഈ വർഷത്തെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവവും കഴിഞ്ഞവർഷത്തെ വിജയികളെ ആദരിക്കലും ചേർന്ന പ്രതീക്ഷോത്സവം വിജയോത്സവം 2026 സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്. നിർവഹിച്ചു.

കണ്ണൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷാജി വർഗീസ്, എസ്.പി.സി. എ.ഡി.എൻ.ഒ. കെ. രാജേഷ്, പ്രോജക്ട് ഹോപ്പ് കോർഡിനേറ്റർ സുനോജ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർഥികൾക്കായി ലൈഫ് സ്കിൽ ട്രെയിനർ ജിതിൻ ശ്യാം ടി.വി. മോട്ടിവേഷൻ ക്ലാസ് നയിച്ചു.

വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും പരീക്ഷകളിൽ പരാജയപ്പെട്ട് പഠനം നിർത്തിയവരെയും കണ്ടെത്തി തുടർപഠനത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2017-ലാണ് സോഷ്യൽ പോലീസിംഗ് ഡിവിഷന് കീഴിൽ പ്രോജക്ട് ഹോപ്പ് ആരംഭിച്ചത്. പ്രത്യേക ക്ലാസുകൾ, മോട്ടിവേഷൻ സെഷനുകൾ, ലൈഫ് സ്കിൽ പരിശീലനങ്ങൾ എന്നിവ പദ്ധതിയിലൂടെ നൽകിവരുന്നു. അധ്യാപകർ, റിസോഴ്സ് പേഴ്‌സൺമാർ, പോലീസ് സേനയിലെ ഫാക്കൽറ്റികൾ എന്നിവർ ഉൾപ്പെടുന്ന റിസോഴ്സ് ഗ്രൂപ്പുകളാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ അധ്യാപകർക്കും റിസോഴ്സ് പേഴ്‌സൺമാർക്കും വിജയികൾക്കുമുള്ള ഉപഹാരങ്ങൾ പോലീസ് കമ്മീഷണർ വിതരണം ചെയ്തു.

നിലവിൽ കണ്ണൂരിൽ രണ്ടും തലശ്ശേരിയിൽ ഒന്നും ഉൾപ്പെടെ മൂന്ന് ലേണിംഗ് സെന്ററുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം ഹോപ്പ് പദ്ധതിയിലൂടെ പ്ലസ് ടു പരീക്ഷ എഴുതിയ 40 പേർ ഉന്നതവിജയം നേടിയിരുന്നു. പുതിയ ബാച്ചിൽ 70 വിദ്യാർഥികളാണ് പരിശീലനത്തിനായി ചേർന്നിട്ടുള്ളത്.




Previous Post Next Post