തലശ്ശേരി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മൂന്നുദിവസം നടന്ന ജില്ലാ കായികമേളയിൽ പയ്യന്നൂർ ഉപജില്ല കിരീടം നിലനിർത്തി. 17 സ്വർണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 136 പോയിന്റ് നേടിയാണ് പയ്യന്നൂർ തുടർച്ചയായി കിരീടം നേടുന്നത്.
12 സ്വർണവും 9 വെള്ളിയും 7 വെങ്കലത്തോടെ 108 പോയിന്റ് നേടി തലശ്ശേരി നോർത്ത് ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. മട്ടന്നൂർ സബ് ജില്ല 6 സ്വർണവും 11 വെള്ളിയും 17 വെങ്കലവുമടക്കം 93 പോയിന്റോടുകൂടി മൂന്നാം സ്ഥാനം നേടി.
സ്‌കൂൾ വിഭാഗത്തിൽ പ്രാപ്പോയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 6 സ്വർണവും 3 വെള്ളിയും 3 വെങ്കലവും നേടി 42 പോയിന്റോടെയാണ് പ്രാപ്പോയിൽ എച്ച്.എസ്.എസ് ഒന്നാംസ്ഥാനം നേടിയത്. മമ്പറം എച്ച്.എസ്.എസ് 5 സ്വർണവും 3 വെള്ളിയും 5 വെങ്കലവുമടക്കം 39 പോയിന്റോടെ രണ്ടാം സ്ഥാനവും, മട്ടന്നൂർ എച്ച്.എസ്.എസ് 2 സ്വർണവും 6 വെള്ളിയും 5 വെങ്കലത്തോടെ 31 പോയിന്റ് നേടി മൂന്നാമതും എത്തി.
15 സബ്ജില്ലകളിൽ നിന്ന് ഒന്ന് മുതൽ മൂന്നുവരെ സ്ഥാനം ലഭിച്ച മത്സരാർഥികളും തലശ്ശേരി സായി സെന്ററിൽനിന്ന് 16 കുട്ടികളും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിൽനിന്ന് 23 കുട്ടികളുമടക്കം 2800ൽപരം മത്സരാർഥികളാണ് ഇത്തവണത്തെ മേളയുടെ ഭാഗമായത്.
സമാപനസമ്മേളനം നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷഹനാസ് മൻസൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തി.
