കണ്ണൂർ: കണ്ണൂർ നഗരത്തിൽ റോഡരികിലേക്ക് മലിനജലം ഒഴുക്കിവിട്ട മത്സ്യവണ്ടിക്ക് 5000 രൂപ പിഴ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് നടപടി സ്വീകരിച്ചത്. കൂടാതെ സ്ഥലം ശുചീകരിക്കുന്നതിനുള്ള ചെലവും വാഹന ഉടമയിൽ നിന്ന് ഈടാക്കും. കണ്ണൂർ ദേശീയപാതയിൽ തെക്കീ ബസാറിലെ മക്കാനിക്ക് സമീപമാണ് സംഭവം നടന്നത്.
വ്യാഴാഴ്ച രാവിലെ പാർക്ക് ചെയ്തിരുന്ന തൃശ്ശൂരിൽ നിന്നുള്ള മത്സ്യവണ്ടിയിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് മലിനജലം റോഡരികിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ലോറിയുടെ ഉടമയും കൊടുങ്ങല്ലൂർ സ്വദേശിയുമായ നിഷാദ് കെ.എ.യിൽ നിന്നാണ് പിഴ ഈടാക്കുന്നത്. സ്ഥലം വൃത്തിയാക്കുന്നതിനുള്ള ചെലവ് ഈടാക്കാൻ കണ്ണൂർ കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ മലിനജലം ഒഴുക്കിവിടുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത്തരം നിയമലംഘനങ്ങളുടെ തെളിവുകൾ വാഹന നമ്പർ സഹിതം 9446700800 എന്ന വാട്സ്ആപ്പ് നമ്പറിൽ പൊതുജനങ്ങൾക്ക് അറിയിക്കാം. പരാതിയിൽ നടപടി സ്വീകരിച്ചാൽ പിഴത്തുകയുടെ 25 ശതമാനം പരാതിക്കാരന് പാരിതോഷികമായി നൽകുന്നതാണ്.
