ചാല: നിർമാണം പാതിവഴിയിൽ നിലച്ചതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ ദേശീയപാത 66ലെ ചാലയിലുള്ള പണിപൂർത്തിയാകാത്ത സർവീസ് റോഡ് അധികൃതരുടെ അനുമതിയില്ലാതെ തുറന്നു. ചാലയിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന ഭാഗത്തെ സർവീസ് റോഡാണ് ഡിവൈഡറുകൾ നീക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
ഗതാഗതം നിരോധിച്ചുകൊണ്ട് മുൻപ് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറുകൾ ബുധനാഴ്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. ചാല സ്റ്റേഷൻ സ്റ്റോപ്പിന് സമീപത്തെ തടസ്സങ്ങൾ മാറിയതോടെ കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്.
മുൻപ് കൂത്തുപറമ്പിൽനിന്നുള്ള വാഹനങ്ങൾ ചാല ബൈപ്പാസ് കവല വഴി മിംസ്, ബേബി ആശുപത്രികളുടെ സമീപത്തുകൂടി ദേശീയപാതയിൽ പ്രവേശിച്ച് കണ്ണൂരിലേക്ക് പോകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി ഇവിടെ ദേശീയപാത നിർമാണം പൂർണമായി നിലച്ചിരിക്കുകയാണ്. നിലവിൽ റോഡ് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനായി താത്കാലികമായി നിർമിച്ച മൺറോഡിലൂടെയാണ് ബസുകൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത്. ഇത് വലിയ അപകടസാധ്യത ഉയർത്തുന്നതായി പ്രദേശവാസികളും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു. അനുമതിയില്ലാതെ റോഡ് തുറന്ന സംഭവത്തിൽ ദേശീയപാതാ അധികൃതർ എടക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
unfinished-service-road-opened-without-permission-in-chala-kannur
