കണ്ണൂർ: ജില്ലയിലെ വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയ നവംബർ 30നകം പൂർത്തിയാക്കണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി. സജിത്ത് ബാബു നിർദ്ദേശിച്ചു. ജില്ലാ കളക്ടറേറ്റിൽ നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ 30ന് മുമ്പ് ലഭിക്കുന്ന എ.എസ്.ഡി (ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത്) അപേക്ഷകളിൽ പൂർണ്ണമായി നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മരണ രജിസ്റ്റർ അടിസ്ഥാനമാക്കി മരിച്ചവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ പ്രതിമാസം കൈക്കൊള്ളണം. സ്ഥലത്തില്ലാത്തവരുടെയും സ്ഥലം മാറിപ്പോയവരുടെയും വിവരങ്ങൾ ശേഖരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സേവനം പ്രയോജനപ്പെടുത്തണം. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ കാലതാമസം വരുത്തുന്ന ബി.എൽ.ഒമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പോളിംഗ് സ്റ്റേഷനുകളിൽ റാംപ്, ടോയ്‌ലറ്റ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത കേന്ദ്രങ്ങൾ മാറ്റി പുതിയവ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കാനും സ്കൂളുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ സജീവമാക്കാനും നിർദ്ദേശമുണ്ട്.
യോഗത്തിൽ സബ് കളക്ടർ രവി മീണ, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. വി. ശ്രുതി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഇ.വി.എം-വി.വി.പാറ്റ് വെയർ ഹൗസും സി.ഇ.ഒ സന്ദർശിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. എം. ഗോപിനാഥൻ, സി. എറമുള്ളാൻ, കെ. ശഹറാസ്, എം. ഗംഗാധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
