തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ ബസിടിച്ച് തെറിച്ചുവീണ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
ചെറുകുന്നിലേക്ക് പോകാനായി സ്റ്റാൻഡിലേക്ക് വന്ന സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെ യാത്രക്കാരിയെ ഇടിക്കുകയായിരുന്നു. ബസിടിച്ച് തെറിച്ചുവീണ കൂവോട്ട് സ്വദേശിയും തളിപ്പറമ്പ് ഗവ. താലൂക്ക് ആയുർവേദ ആശുപത്രി ജീവനക്കാരിയുമായ യുവതി ഭാഗ്യം കൊണ്ടാണ് ബസിന്റെ ടയറിനടിയിൽ പെടാതെ രക്ഷപ്പെട്ടത്. പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസവും ഈ ബസ് സ്റ്റാൻഡിൽ വെച്ച് 11 വയസ്സുകാരിയായ പെൺകുട്ടിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. യാത്രക്കാരുടെ തിരക്കും സ്ഥലസൗകര്യക്കുറവും കാരണം നിരന്തരം അപകടങ്ങൾ നടക്കുന്ന ഇവിടെ പോലീസിന്റെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ് പലപ്പോഴും അടഞ്ഞുകിടക്കുകയാണെന്നും പോലീസ് സാന്നിധ്യം ഉറപ്പാക്കി അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.
