കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിനായി ഒരുങ്ങുന്ന കണ്ണൂര്‍ വാരിയേഴ്‌സ് ടീമില്‍ എട്ട് കണ്ണൂര്‍ സ്വദേശികളായ താരങ്ങള്‍ ഇടംനേടി. മുഹമ്മദ് സിനാന്‍, സച്ചിന്‍ സുനില്‍, ഷിബിന്‍ സാദ്, മുഹമ്മദ് മുഷ്‌റഫ്, ഹൃഷഭ് കെ, അദ്വൈദ് പി, ഗൗതം പി, മുഹമ്മദ് ഫിസാന്‍ ജാബിര്‍ എന്നിവരാണ് ടീമിലുള്ള പ്രാദേശിക താരങ്ങള്‍. കിരീടം നേടിയ കഴിഞ്ഞ സീസണില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമായിരുന്നു.
കക്കാട് സ്വദേശിയായ മുഹമ്മദ് സിനാന്‍ കഴിഞ്ഞ സീസണിലെ എമര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനായി നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം സ്വന്തമാക്കി. പരശ്ശിനിക്കടവ് നമ്പ്രം സ്വദേശിയായ സച്ചിന്‍ സുനില്‍ ഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളില്‍ കളിച്ചപ്പോള്‍, മുണ്ടയാട് സ്വദേശിയായ ഷിബിന്‍ സാദ് എം കിരീടം നേടിയ ടീമില്‍ മൂന്ന് മത്സരങ്ങളില്‍ പങ്കാളിയായി.
പയ്യന്നൂര്‍ സ്വദേശിയായ മുഹമ്മദ് മുഷറഫ് കഴിഞ്ഞ സീസണില്‍ ഫോഴ്‌സ കൊച്ചിക്ക് വേണ്ടിയാണ് ബൂട്ടണിഞ്ഞത്. ചെറുകുന്ന് സ്വദേശിയായ ഹൃഷഭ് കെ 2025-ല്‍ കേരളത്തിനൊപ്പം അണ്ടര്‍ 19 സ്‌കൂള്‍സ് നാഷണല്‍സ് കിരീടം നേടിയ കളിക്കാരനും ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്.
സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പ് നേടിയ കണ്ണൂര്‍ സര്‍വകലാശാല ടീമില്‍ അംഗമായിരുന്ന കാങ്കോല്‍ സ്വദേശി അദ്വൈദ് പി, ഈസ്റ്റ് ബംഗാള്‍ യൂത്ത് ടീമില്‍ കളിച്ചിട്ടുള്ള കണ്ടോത്ത് സ്വദേശി ഗൗതം പി, പഞ്ചാബ് എഫ്‌സി, ശ്രീനിധി ഡെക്കാന്‍, കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമുകളുടെ ഭാഗമായിരുന്ന തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഫിസാന്‍ ജാബിര്‍ എന്നിവരും ഇത്തവണ കണ്ണൂര്‍ വാരിയേഴ്‌സിന് കരുത്തേകും.
