കണ്ണൂർ: കുട്ടികളിൽ കടുത്ത വയറിളക്കവും നിർജ്ജലീകരണവും തടയുന്നതിനായി സൗജന്യമായി നൽകുന്ന റോട്ട വാക്സിന് ജില്ലയിൽ കടുത്ത ക്ഷാമം. മാസങ്ങളായി തുടരുന്ന വാക്സിൻ ദൗർലഭ്യം മൂലം മിക്ക ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവെപ്പ് മുടങ്ങിയിരിക്കുകയാണ്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലെ ആരോഗ്യകേന്ദ്രങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പോളിയോ വാക്സിൻ നൽകുന്നതിൽ കാണിക്കുന്ന ജാഗ്രത റോട്ട വാക്സിന്റെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്ന് രക്ഷാകർത്താക്കൾ പരാതിപ്പെടുന്നു.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, കുടുംബ ആരോഗ്യകേന്ദ്രങ്ങൾ, ജില്ലാ-ജനറൽ ആശുപത്രികൾ എന്നിവ വഴിയാണ് നവജാതശിശുക്കൾക്ക് റോട്ട വാക്സിൻ തുള്ളിമരുന്നായി നൽകുന്നത്. കുഞ്ഞ് ജനിച്ച് 6, 10, 14 ആഴ്ചകളിലാണ് ഈ വാക്സിൻ നൽകേണ്ടത്. ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ കാലതാമസം വരുത്താമെങ്കിലും കുഞ്ഞ് ജനിച്ച് പരമാവധി 32 ആഴ്ചയ്ക്കുള്ളിൽ (എട്ടു മാസം) എല്ലാ ഡോസുകളും പൂർത്തിയാക്കേണ്ടതുണ്ട്. എട്ടു മാസത്തിനുശേഷം ഈ വാക്സിൻ കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ലെന്നിരിക്കെ, വാക്സിൻ വൈകുന്നത് മാതാപിതാക്കളിൽ ആശങ്ക വർധിപ്പിക്കുന്നു.
ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരുമാണ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. എന്നാൽ എന്ന് വാക്സിൻ ലഭ്യമാകുമെന്നതിനെക്കുറിച്ച് ഇവർക്കും വ്യക്തതയില്ല. അതേസമയം, കേന്ദ്ര ആരോഗ്യവകുപ്പിൽ നിന്നുള്ള വിതരണത്തിലുണ്ടായ കുറവാണ് നിലവിലെ ക്ഷാമത്തിന് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. ജില്ലയിൽ ഒടുവിൽ ലഭ്യമായ 3000 ഡോസ് വാക്സിൻ പൂർണ്ണമായും വിതരണം ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
