Zygo-Ad

സ്വകാര്യ ബസ് നിരക്ക് വർധന: മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം, ബസുടമകൾ പണിമുടക്കിലേക്ക്


സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ നിർത്തലാക്കിക്കൊണ്ടുള്ള പണിമുടക്കിലേക്ക് ബസുടമകൾ കടക്കുന്നു. ബസുകളുടെ മിനിമം യാത്രാ നിരക്ക് 15 രൂപയായി ഉയർത്തുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിനുപുറമേ ഡീസലിന് പ്രത്യേക സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാ നിരക്കിൽ വർധന വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസുടമ സംഘടനകൾ മുന്നോട്ടുവെക്കുന്നുണ്ട്. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ തികച്ചും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാക്കുന്നത്. പണിമുടക്ക് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകും.

കെഎസ്ആർടിസി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ നഷ്ടം നികത്താനുള്ള വ്യക്തമായ നിർദേശങ്ങളൊന്നും തന്നെ വിദഗ്ധ സമിതി റിപ്പോർട്ടിൽ ഇല്ലെന്ന് ഉടമകൾ ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ബസുകൾ സർവീസ് നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുന്നു എന്നാണ് ഇവരുടെ നിലപാട്.

പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനതലത്തിൽ സർവീസുകൾ പൂർണമായി നിർത്തിവെക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സെപ്റ്റംബർ എട്ടിന് പാലക്കാട്ട് ബസുടമകളുടെ യോഗം ചേരും. ഈ യോഗത്തിൽ വെച്ചാകും അനിശ്ചിതകാല പണിമുടക്കിൻ്റെ തീയതിയും മറ്റ് ഉപരോധ പരിപാടികളും തീരുമാനിക്കുകയെന്ന് ബസുടമ പ്രതിനിധികൾ വ്യക്തമാക്കി.

Previous Post Next Post