ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ–മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ (12686) എസ്3 കോച്ചിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം.
മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും പരാതി നൽകിയിട്ടും റെയിൽവേ അധികൃതർ നടപടിയെടുത്തില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. യാത്രയ്ക്കിടെ ഫാൻ ഇളകി താഴേക്ക് വീണാണ് യുവതിക്ക് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക ചികിത്സയും പരിശോധനയും നൽകിയ ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയാണ് യുവതി യാത്ര തുടർന്നത്. സംഭവത്തിൽ വീഴ്ചവരുത്തിയ റെയിൽവേ സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
