Zygo-Ad

കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

 


സ്കൂൾ കായികമേളയുടെ വേദി മാറ്റിയതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. കായികമേള വേദി മാറ്റിയതിൽ യാതൊരുവിധ വിവാദങ്ങളുടെയും ആവശ്യമില്ലെന്ന് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

മുമ്പ് വേദി കണ്ണൂരാണെന്ന് ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല വേദി മാറ്റിയതെന്നും, ഇതിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൗകര്യക്കുറവ് മൂലമാണ് കണ്ണൂരിൽ നിന്ന് വേദി മാറ്റിയതെന്ന കായിക മന്ത്രിയുടെ പ്രസ്താവനയോടും ഷംസുദ്ദീൻ പ്രതികരിച്ചു. സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നത് കായിക വകുപ്പല്ല, മറിച്ച് വിദ്യാഭ്യാസ വകുപ്പാണ്. കായിക മന്ത്രിക്ക് തെറ്റായ വിവരങ്ങൾ ലഭിച്ചതിനാലാകാം അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിക്ക് എതിരെയുള്ള സുപ്രഭാതം എഡിറ്റോറിയലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പി.എം. ശ്രീ പദ്ധതി ഒപ്പിട്ട് നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയത് കഴിഞ്ഞ സർക്കാരാണ്. ഈ സർക്കാരിന് വിഷയത്തിൽ യാതൊരുവിധ തിടുക്കവുമില്ല. വിഷയത്തിൽ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഉപസമിതിയുടെ റിപ്പോർട്ട് കൃത്യസമയത്ത് തന്നെ വരുമെന്നും മന്ത്രി വ്യക്തമാക്കി.

 

Previous Post Next Post