ഉളിക്കൽ: ഇരിട്ടി ഉളിക്കൽ നുച്ച്യാട് മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഞായറാഴ്ച രാത്രിയാണ് പ്രദേശവാസികൾ പുലിയെ കണ്ടതായി അധികൃതരെ അറിയിച്ചത്.
വിവരമറിഞ്ഞതിനെ തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്ന് മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല.
പ്രദേശത്ത് പുലിയിറങ്ങിയെന്ന വാർത്ത പ്രചരിച്ചതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്. വനപാലകർ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് വനവകുപ്പ് മുന്നറിയിപ്പ് നൽകി.
