കാഞ്ഞങ്ങാട്: പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. തൈക്കടപ്പുറം അഴിത്തല സ്വദേശിനി എം. കെ. കുഞ്ഞായിശ (39) ക്കാണ് പരിക്കേറ്റത്.
ബസിന്റെ പിറകിലെ സൈഡ് സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞായിശയുടെ സീറ്റിനടിയിലുള്ള പ്ലാറ്റ്ഫോം ടയർ പൊട്ടിത്തെറിച്ച ആഘാതത്തിൽ തകരുകയായിരുന്നു. അടിഭാഗം പൊട്ടി കാല് കുടുങ്ങിയതിനെ തുടർന്ന് ഇവരുടെ കാലിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞായിശയെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സമയത്ത് ബസ്സിൽ 70-ഓളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ കാഞ്ഞങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
