ചെറുപുഴ: കണ്ണൂർ വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊട്ടത്തലച്ചി മ്ലാക്കുഴിയിൽ ജോസ് കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്.
ഇന്ന് രാവിലെയാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തലയിൽ ചെങ്കല്ല് ഉപയോഗിച്ച് ക്രൂരമായി അടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ജോസ് കുട്ടി പ്രദേശത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സ്ഥിരമായി രാത്രികാലങ്ങളിൽ ഉറങ്ങാറുള്ളയാളാണ്.
സംഭവസ്ഥലത്തെത്തിയ ചെറുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
