Zygo-Ad

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം


കണ്ണൂർ :കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി ആർ.എൽ. നിതിൻ രാജിന്റെ (20) മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും ഡെന്റൽ അനാട്ടമി വിഭാഗം മുൻ മേധാവിയുമായ ഡോ. എം.കെ. റാമിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജിനെ ക്യാമ്പസിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപവും ക്രൂരമായ മാനസിക പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ ഡോ. എം.കെ. റാമിനെ ജൂലൈ മാസത്തിൽ കർണാടകയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

കേസിൽ വാദം പൂർത്തിയായതിനെ തുടർന്നാണ് കർശന വ്യവസ്ഥകളോടെ ഡോ. എം.കെ. റാമിന് ജാമ്യം അനുവദിക്കാൻ കോടതി ഉത്തരവിട്ടത്. കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.


Previous Post Next Post