Zygo-Ad

അശാസ്ത്രീയ മണ്ണെടുപ്പിനെ തുടർന്ന് റോഡ് ഇടിഞ്ഞു: തളിപ്പറമ്പ് നഗരസഭ 34.75 ലക്ഷം രൂപ പിഴ ചുമത്തി


തളിപ്പറമ്പ്: ചിറവക്ക് തമ്പുരാൻ നഗറിൽ അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ഉത്തരവാദികളായവർക്ക് 34.75 ലക്ഷം രൂപ പിഴ ചുമത്താൻ തളിപ്പറമ്പ് നഗരസഭാ യോഗം തീരുമാനിച്ചു. നാല് മാസത്തിനുള്ളിൽ ഇടിഞ്ഞ ഭാഗം കെട്ടിയുയർത്തി റോഡ് പൂർവ്വസ്ഥിതിയിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിനുണ്ടായ കനത്ത മഴയിലാണ് ചിറവക്ക് - തമ്പുരാൻ നഗർ റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഇതേതുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. സ്ഥലത്ത് വീടും കടയും നിർമ്മിക്കുന്നതിനായി കെ.പി. ഷാഹിൽ, മുഹമ്മദ് ഇർഷാദ് എന്നിവർക്ക് നഗരസഭ മണ്ണെടുക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ അനുവദിച്ചതിലും അധികമായി 2,682 ക്യൂബിക് മീറ്റർ മണ്ണ് ഖനനം ചെയ്തതായും നിശ്ചിത സമയത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചില്ലെന്നും അസിസ്റ്റന്റ് എഞ്ചിനീയർ എസ്. സീന സമർപ്പിച്ച റിപ്പോർട്ടിൽ കണ്ടെത്തി. ഈ ലംഘനങ്ങൾക്കാണ് അഞ്ചിരട്ടി പിഴ ചുമത്തിയത്.

സംഭവത്തിൽ നഗരസഭാ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നഗരസഭാ ചെയർമാൻ പി.കെ. സുബൈറിന്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തി. വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. റജില, വാർഡ് കൗൺസിലർ പി. ലതിക എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.


Previous Post Next Post