തളിപ്പറമ്പ്: 10 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിച്ച വീട്ടമ്മയ്ക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 40 ലക്ഷം രൂപ നഷ്ടമായതായി പരാതി. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപം താമസിക്കുന്ന പി.കെ. സക്കീനയാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്.
രണ്ട് ശതമാനം പലിശ നിരക്കിൽ വ്യക്തിഗത വായ്പ നൽകുമെന്ന ഇൻസ്റ്റഗ്രാം പരസ്യ സന്ദേശം കണ്ടാണ് സക്കീന അപേക്ഷ സമർപ്പിച്ചത്. തുടർന്ന് വായ്പ അനുവദിക്കുന്നതിന് മുന്നോടിയായി ജിഎസ്ടി, ഇൻഷുറൻസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി മുൻകൂറായി പണം അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും ബാങ്ക് ട്രാൻസ്ഫർ വഴിയും പല തവണകളായി സക്കീന 40 ലക്ഷം രൂപ അയച്ചുനൽകി. പണം മുഴുവൻ കൈപ്പറ്റിയ ശേഷവും വാഗ്ദാനം ചെയ്ത വായ്പ നൽകുകയോ നൽകിയ തുക തിരികെ നൽകുകയോ ചെയ്തില്ല. തുടർന്നാണ് ത തട്ടിപ്പിനിരയായതായി ഇവർ തിരിച്ചറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ധനി ഇന്ത്യാ ബുൾസ് ധനി എന്ന ധനകാര്യ സ്ഥാപനത്തിലെ മാനേജർമാരായ അൻവർ, വിഷ്ണു എന്നിവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
