പാമ്പുവളർത്തൽ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ജനങ്ങൾ കുരങ്ങുകളുടെ ശല്യം കാരണം കടുത്ത ദുരിതത്തിലാണ്. ജനവാസ മേഖലയിലിറങ്ങുന്ന കുരങ്ങുകൾ കൃഷിവിളകളും പച്ചക്കറികളും വ്യാപകമായി നശിപ്പിക്കുകയാണ്. വീടുകളുടെ മുറ്റത്ത് വെച്ചിരിക്കുന്ന ചെടിച്ചട്ടികളും അലങ്കാരച്ചെടികളും നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
മുമ്പ് സ്നേക്ക് പാർക്കിൽ നിന്ന് കൂട്ടംതെറ്റി പുറത്തുപോയ കുരങ്ങുകൾ പെറ്റുപെരുകിയാണ് പ്രദേശത്ത് ഇത്രയും വലിയ ഭീഷണിയായി മാറിയതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. തെങ്ങുകളിൽ നിന്ന് തേങ്ങ ലഭിച്ചിട്ട് വർഷങ്ങളായെന്നാണ് പരിസരവാസികൾ പറയുന്നത്. ഇളനീരാകുന്നതിന് മുമ്പ് തന്നെ കുരങ്ങുകൾ കൂട്ടത്തോടെയെത്തി അവ നശിപ്പിക്കുകയാണ്.
ശല്യം സഹിക്കാനാവാതെ വന്നതോടെ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ മുൻസിപ്പാലിറ്റിയുടെയോ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുരങ്ങുകളെ പിടികൂടി കാട്ടിലേക്ക് മാറ്റാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
