കണ്ണൂർ :ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. കുറ്റവാളിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം, കുറ്റകൃത്യങ്ങളുടെ സ്വഭാവം, കേസുകളുടെ എണ്ണം, ശിക്ഷയുടെ കാഠിന്യം എന്നിവ പരിശോധിച്ച ശേഷമാണ് നടപടി.
ഉത്തരവ് ഉടൻ നടപ്പിലാക്കി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുൻപാകെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. അർജുനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 23 കേസുകളുണ്ട്. ഇതിൽ 12 എണ്ണം വളപട്ടണം സ്റ്റേഷൻ പരിധിയിലാണ്. സ്വർണം പൊട്ടിക്കൽ അടക്കം വിവിധ സ്റ്റേഷനുകളിൽ മറ്റ് കേസുകളുമുണ്ട്. ആഭ്യന്തര മന്ത്രിയെയും കേരള പോലീസിനെയും സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിച്ചതിന് ഈ മാസം ഒമ്പതിനാണ് ഇയാൾ കണ്ണൂരിൽ വെച്ച് പിടിയിലായത്.
