Zygo-Ad

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് കണ്ണൂർ സിറ്റി പോലീസ്

 


കണ്ണൂർ: വർധിച്ചുവരുന്ന സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ സിറ്റി പോലീസും വിവിധ ബാങ്കുകളും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ വെച്ച് ജില്ലയിലെ ബാങ്ക് മാനേജർമാരുടെ പ്രത്യേക യോഗം ചേർന്നു. സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നേതൃത്വത്തിലാണ് വിപുലമായ യോഗം സംഘടിപ്പിച്ചത്.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മനോജ് വി. വി., സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ വിവിധ ബാങ്ക് മാനേജർമാർ, ലീഡ് ബാങ്ക് മാനേജർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഓൺലൈൻ തട്ടിപ്പുകളുടെ രീതികൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, ബാങ്കുകൾ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ വിശദീകരിക്കാനും ഉദ്യോഗസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കാനുമാണ് യോഗം പ്രാമുഖ്യം നൽകിയത്.

സംശയാസ്പദമായ അക്കൗണ്ടുകൾ, വലിയ തോതിലുള്ള അസ്വാഭാവിക പണമിടപാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കാലതാമസമില്ലാതെ പോലീസിനെ വിവരമറിയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബാങ്ക് ജീവനക്കാർക്ക് പ്രത്യേക ബോധവൽക്കരണം നൽകി. ഇത്തരം സന്ദർഭങ്ങളിൽ ബാങ്കുകളുടെ അടിയന്തര ഇടപെടൽ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ സഹായിക്കും. ഒരു സൈബർ തട്ടിപ്പ് നടന്നയുടൻ പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം വേഗത്തിൽ തിരിച്ചുപിടിക്കാനും പോലീസും ബാങ്കുകളും തമ്മിലുള്ള തത്സമയ ഏകോപനം അത്യന്താപേക്ഷിതമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.

പുതിയ സൈബർ തട്ടിപ്പ് രീതികളെക്കുറിച്ച് ബാങ്ക് ജീവനക്കാർ നിരന്തരം അപ്‌ഡേറ്റഡ് ആയിരിക്കണമെന്നും, ഈ വിവരങ്ങൾ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തിച്ച് അവരെ ബോധവാന്മാരാക്കാൻ ബാങ്കുകൾ മുൻകൈ എടുക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.

Previous Post Next Post