Zygo-Ad

കണ്ണൂർ കളക്ടറേറ്റിൽ വിപുലമായ ഓണാഘോഷം; കമ്പവലിയും ഓണക്കളികളുമായി ജീവനക്കാർ


കണ്ണൂർ: കണ്ണൂർ കളക്ടറേറ്റിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന റവന്യൂ വകുപ്പിന്റെ ആഘോഷ പരിപാടികൾ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു.

തിരക്കുപിടിച്ച ഡിജിറ്റൽ കാലഘട്ടത്തിൽ ആളുകൾക്ക് ഒന്നിച്ചിരിക്കാനും സന്തോഷങ്ങൾ പങ്കുവെക്കാനും ഇത്തരം ആഘോഷങ്ങൾ വലിയ സഹായകരമാണെന്ന് കളക്ടർ പറഞ്ഞു. ഓണം മുന്നോട്ടുവെക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ നിത്യജീവിതത്തിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എ.ഡി.എം പി.എൻ. പുരുഷോത്തമൻ, ഹുസൂർ ശിരസ്തദാർ കെ.കെ. രാജേഷ് ഖന്ന, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാപരിപാടികളും കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ പരമ്പരാഗത ഓണക്കളികളും അരങ്ങേറി. ജീവനക്കാർക്കായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഡി.ടി.പി.സി ഓണം വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ ഒരുക്കിയ അത്തപ്പൂക്കളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. കളക്ടറേറ്റിലെ മറ്റ് വകുപ്പുകളും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.



Previous Post Next Post