Zygo-Ad

കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ

 


കണ്ണൂർ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കണ്ണൂർ ടൗണിലെ ഹെവൻ ഇൻ ലോഡ്ജിൽ വെച്ച് 12 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ സർവേശ് കുമാർ (36), സുശീൽ കുമാർ ഗിരി (36), ബിഹാർ സ്വദേശിയായ രാജ് കുമാർ തിവാരി (38) എന്നിവരാണ് പിടിയിലായത്.

​'ഓപ്പറേഷൻ തണ്ടർ', 'ഓണം സ്പെഷ്യൽ ഡ്രൈവ്' എന്നിവയുടെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങൾക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ-യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ.

​കേരള എ.ടി.എസ്, എക്സൈസ് സൈബർ സെൽ എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ണൂർ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.


Previous Post Next Post