ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ കണ്ണൂർ സിറ്റി പോലീസ് സമഗ്രമായ ട്രാഫിക് മാനേജ്‌മെന്റ് പ്ലാൻ നടപ്പിലാക്കുന്നു. സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 15 മുതൽ 31 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആസാദ് എം പി, ടൗൺ, സിറ്റി സ്റ്റേഷൻ എസ്‌എച്ച്‌ഒമാർ, ട്രാഫിക് എസ്‌ഐ എന്നിവർക്കാണ് വിവിധ മേഖലകളിലെ മേൽനോട്ട ചുമതല.
നഗരത്തിലെ 23 പ്രധാന ട്രാഫിക് പോയിന്റുകളിലായി 52 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഐഒസി ജംഗ്ഷൻ, പ്ലാസ, എസ്ബിഐ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, മാർക്കറ്റ്, പഴയ ബസ് സ്റ്റാൻഡ്, മേലെ ചൊവ്വ, താഴെ ചൊവ്വ, താണ, പള്ളിക്കുന്ന് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ മുഴുവൻ സമയ ട്രാഫിക് നിയന്ത്രണമുണ്ടാകും. വൈകുന്നേരം 4 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ പ്രത്യേക സുരക്ഷയൊരുക്കും. മോഷണം, ലഹരി ഉപയോഗം, സ്ത്രീകളെ ശല്യം ചെയ്യൽ തുടങ്ങിയവ തടയാൻ 17 ബീറ്റുകളിലായി 54 ഉദ്യോഗസ്ഥരെ മഫ്തിയിലും യൂണിഫോമിലുമായി ബീറ്റ് പട്രോളിംഗിനായി നിയോഗിച്ചു.
പയ്യാമ്പലം ബീച്ച്, പടന്നപ്പാലം തിയേറ്റർ കോംപ്ലക്സ്, പോലീസ് മൈതാനിയിലെ ഓണം ഫെയർ, റെയിൽവേ സ്റ്റേഷൻ, സെന്റ് ആഞ്ചലോസ് കോട്ട എന്നിവിടങ്ങളിൽ പ്രത്യേക പിക്കറ്റുകളും തീരദേശ പോലീസിന്റെ പട്രോളിംഗും ഉറപ്പാക്കിയിട്ടുണ്ട്. ഇതുകൂടാതെ 5 മൊബൈൽ പട്രോൾ യൂണിറ്റുകളും 4 ബൈക്ക് പട്രോൾ യൂണിറ്റുകളും നഗരത്തിൽ സർവീസ് നടത്തും. ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങൾക്ക് മുൻഗണന നൽകും.
പ്രധാന പാതകളിലും ജംഗ്ഷനുകളിലും പാർക്കിംഗ് കർശനമായി നിരോധിച്ചു. പുതിയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സൗത്ത് ബസാർ, പയ്യാമ്പലം എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നിയമം ലംഘിക്കുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശന വിലക്കുണ്ട്. കോഴിക്കോട്, കാസർഗോഡ് ഭാഗങ്ങളിൽ നിന്നുള്ള വലിയ വാഹനങ്ങൾ ബൈപ്പാസ് റോഡുകൾ വഴി തിരിച്ചുവിടും. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസുമായി സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.
