കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. മുൻപ് ആഴ്‌ചയിൽ രണ്ട് സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ സർവീസുകളുടെ എണ്ണം മൂന്നായി ഉയർത്തിയിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഈ സർവീസുകൾ ലഭ്യമാവുക.
ഈ ദിവസങ്ങളിൽ രാത്രി 8.45 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 10.35 ന് ബഹ്റൈനിൽ എത്തും. തിരികെ ബഹ്റൈനിൽ നിന്ന് പ്രാദേശിക സമയം രാത്രി 11.35 ന് പുറപ്പെട്ട് രാവിലെ 6.30 ന് കണ്ണൂരിലെത്തും.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയെ തുടർന്ന് കഴിഞ്ഞ മാസം പകുതിയോടെയായിരുന്നു ബഹ്റൈനിലേക്കുള്ള സർവീസ് നിർത്തിവെച്ചിരുന്നത്. നിലവിൽ കുവൈത്തിലേക്കുള്ള സർവീസ് മാത്രമാണ് ഇനി പുനരാരംഭിക്കാനുള്ളത്
