കണ്ണൂർ: ജുവല്ലറികളിൽ നിന്ന് സ്വർണ്ണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് പിടിയിലായി. ശ്രീകണ്ഠാപുരത്തെ ജുവല്ലറിയിൽ നിന്ന് നാല് പവൻ സ്വർണ്ണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് പോലീസിന്റെ അറസ്റ്റ്.
ഓൺലൈനായി പണം അയച്ചതായി കാണിക്കുന്ന വ്യാജ സ്ക്രീൻഷോട്ട് ജുവല്ലറി ഉടമയെ കാണിക്കുകയും പണം അക്കൗണ്ടിൽ എത്തിയെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണവുമായി കടന്നുകളയുകയുമാണ് ഇയാളുടെ രീതി. പണം ലഭിക്കാതായതോടെ ജുവല്ലറി ഉടമ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാൾ സമാനമായ രീതിയിൽ ജില്ലയിലെ മറ്റ് ജുവല്ലറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
