അഴീക്കോട് പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്തുൽ റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. ഭർത്താവ് ആസിഫിൽ നിന്ന് യുവതിക്ക് കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി.
മരണത്തിന് മുൻപ് തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് റിസ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. യുവതിയുടെ ഫോണും കുറിപ്പും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വർഷം ജനുവരി എട്ടിനാണ് മുണ്ടേരിമൊട്ട സ്വദേശിയായ ആസിഫുമായി റിസയുടെ വിവാഹം നടന്നത്. ദുബായിൽ ജോലിയുള്ള ആസിഫിനൊപ്പം ഗൾഫിൽ താമസിച്ചിരുന്ന റിസ രണ്ട് മാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.
ഏകദേശം ഒരു മാസം മുൻപ് ഭർതൃഗൃഹത്തിൽ വെച്ച് കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ഈ വിവരം ഭർതൃവീട്ടുകാർ മൂടിവെക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പെടെ ചുമത്തി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ടു. ഹംസ-ഷമീറ ദമ്പതികളുടെ മകളായ റിസയുടെ മയ്യത്ത് നമസ്കാരം പൊയ്ത്തുംകടവ്, മന്ന റഹ്മാനിയ മസ്ജിദുകളിൽ നടന്ന ശേഷം മന്നയിൽ ഖബറടക്കി.
